Top Stories
"അവേക്ക്" ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയ്ക്ക് വിധേയയായി അഞ്ചു വയസ്സുകാരി: ഈ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.
2024-01-08 17:13:51
Posted By :  Admin1

ന്യൂ ഡൽഹി: അഞ്ചു വയസ്സുകാരിയിൽ "അവേക്ക്" ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ ചെയ്‌ത്‌ ചരിത്രം കുറിച്ചിരിക്കുകയാണ് ഡൽഹി എയിംസിലെ ഡോക്ടർമാർ. രോഗി സ്വബോധത്തോടെ ഇരിക്കുമ്പോഴാണ് ഈ ശസ്ത്രക്രിയ നടപ്പിലാക്കിയത്. ഇത്തരത്തിലുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ പെൺകുട്ടി എന്നാണ് എയിംസ് ഡോക്ടർമാർ പറയുന്നത്. ഇടത് പെരിസിൽവിയൻ ഇൻട്രാക്‌സിയൽ ബ്രെയിൻ ട്യൂമറിനുള്ള "അവേക്ക് ക്രാനിയോടോമി" (രോഗി സ്വബോധത്തോടെ ഇരിക്കുമ്പോൾ ചെയ്യുന്ന ബ്രെയിൻ സർജറി) ശസ്ത്രക്രിയ ജനുവരി 4 ന് വിജയകരമായി നടത്തിയതായി എയിംസ് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. കുട്ടിയുടെ തലച്ചോറിൻ്റെ ഇടത് വശത്ത് ട്യൂമർ കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ന്യൂറോ അനസ്‌തെറ്റിസ്റ്റുകൾ കുട്ടിക്ക് ലോക്കൽ അനസ്‌തേഷ്യ നൽകാനുള്ള സമയം ഉൾപ്പെടെ മൂന്ന് മണിക്കൂർ ശസ്ത്രക്രിയ നീണ്ടുനിന്നു. എയിംസ് ഹോസ്പിറ്റലിലെ ന്യൂറോസർജന്മാരുടെ ഒരു സംഘമാണ് പെൺകുട്ടി ബോധാവസ്ഥയിൽ നിൽക്കെ ഈ ശസ്ത്രക്രിയ ചെയ്‌തത്‌. "പ്രീഓപ്പറേറ്റീവ് ഫംഗ്ഷണൽ എം.ആർ.ഐ ബ്രെയിൻ, ഇൻട്രാ ഓപ്പറേറ്റീവ് അൾട്രാസോണോഗ്രാഫി, ന്യൂറോനാവിഗേഷൻ തുടങ്ങിയ സാങ്കേതിക അനുബന്ധങ്ങൾ, ഉണർന്നിരിക്കുന്ന അവസ്ഥയിൽ ഫംഗ്ഷണൽ ഭാഗങ്ങളുടെ മാപ്പിംഗ് നടത്തുമ്പോൾ ട്യൂമർ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ഉപയോഗിച്ചു. ശസ്ത്രക്രിയയ്ക്കിടെ സീഷർ (മസ്തിഷ്ക കോശങ്ങൾ തമ്മിലുള്ള അനിയന്ത്രിതമായ എലെക്ട്രിക്കൽ ആക്റ്റിവിറ്റിയുടെ ഫലമായി ഉണ്ടാകുന്ന ഒരു പൊട്ടിത്തെറിയാണ് സീഷർ. ഇത് പേശികളുടെ സ്വരത്തിലോ ചലനങ്ങളിലോ ബുദ്ദിമുട്ടുകൾ ഉണ്ടാക്കുന്നു) പോലുള്ള കാര്യങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടി ഐസ് കോൾഡ് സലൈൻ മസ്തിഷ്ക ഉപരിതലത്തിൽ ഉപയോഗിക്കുകയും ചെയ്‌തു." എയിംസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. കുട്ടി സുഖമായിരിക്കുന്നെന്നും തിങ്കളാഴ്ച്ച തന്നെ ഡിസ്ചാർജ് ചെയ്യുമെന്നും പ്രസ്താവനയിൽ പറയുന്നു. "ശസ്ത്രക്രിയ ചെയ്യുന്നതിന് മുൻപ് ടീം അംഗങ്ങളും രോഗിയുടെ കുടുംബവും കുട്ടിയും തമ്മിൽ ഒരു നീണ്ട ചർച്ച നടത്തിയിരുന്നു. ശസ്ത്രക്രിയയുടെ ഘട്ടങ്ങളെക്കുറിച്ച് കുട്ടിക്കും കുട്ടിയുടെ കുടുംബത്തിനും കൗൺസിലിംഗ് നൽകി." പ്രസ്താവനയിൽ പറയുന്നു.  ശസ്ത്രക്രിയയ്ക്ക് മുൻപ് കുട്ടിക്ക് പൊതുവായ വസ്തുക്കളെയും, മൃഗങ്ങളെയും ഒക്കെ കാണിക്കുകയും ഇതുമായി ബന്ധപ്പെട്ട ചില അസ്സസ്മെന്റുകൾ കൊടുക്കുകയും ചെയ്‌തിരുന്നു. ശാസ്ത്രക്രിയയ്ക്കിടയിലും ഇതേ പ്രക്രിയ ആവർത്തിച്ചു." പ്രസ്താവനയിൽ പറയുന്നു. ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ഈ പെൺകുട്ടി ശസ്ത്രക്രിയയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പെട്ടെന്ന് തിരിച്ചറിഞ്ഞുവെന്നും പ്രസ്താവനയിൽ പറയുന്നു. "ബ്രെയിൻ ട്യൂമറിനായുള്ള അവേക്ക് ശസ്ത്രക്രിയ സാധാരണയായി ട്യൂമർ നീക്കം ചെയ്യുന്നതിനും ന്യൂറോളജിക്കൽ ഡെഫിസിറ്റ്സ് (ഒരു ന്യൂറോളജിക്കൽ ഡെഫിസിറ്റ് എന്നത് ശരീരഭാഗത്തിൻ്റെ അസാധാരണമായ പ്രവർത്തനത്തെ സൂചിപ്പിക്കുന്നു. മസ്തിഷ്കം, സുഷുമ്നാ നാഡി, പേശികൾ അല്ലെങ്കിൽ ഞരമ്പുകൾ എന്നിവയ്ക്കുണ്ടാകുന്ന ക്ഷതം മൂലമാണ് ഇത് സംഭവിക്കുന്നത്) കുറയ്ക്കുന്നതിനും വേണ്ടിയാണ് ചെയ്യുന്നത്." എയിംസ് അധികൃതർ പറഞ്ഞു. "ഈ രീതിയെ അവേക്ക് ക്രാനിയോടോമി എന്നാണ് വിളിക്കുന്നതെങ്കിലും ജനറൽ അനസ്തേഷ്യയ്ക്ക് കീഴിലുള്ള മറ്റ് ഓപ്പറേഷനുകളേക്കാൾ ഈ രീതിക്ക് സർജിക്കൽ, അനസ്തേഷ്യ ടീമുകളുടെ കൂടുതൽ സഹകരണം ആവശ്യമാണ്." ഈ ശസ്ത്രക്രിയ ചെയ്‌ത സർജന്മാരിൽ ഒരാളായ പ്രൊഫസർ ഡോ. ദീപക് ഗുപ്ത പറഞ്ഞു. ഡോ. മിഹിർ പാണ്ഡ്യ, ഡോ. ഗ്യാനേന്ദ്ര പാൽ സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചരിത്രപരമായ ഈ ശസ്ത്രക്രിയ ചെയ്‌തത്‌


velby
;