Top Stories
ഫ്ലൈറ്റ് യാത്രയ്ക്കിടെ ശ്വാസതടസ്സം: ആറ് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ച് ഡോക്ടർമാർ.
2023-10-04 19:18:52
Posted By :  Admin1

ന്യൂ ഡൽഹി: റാഞ്ചി-ഡൽഹി വിമാനത്തിലെ രണ്ട് ഡോക്ടർമാരുടെ സമയോചിതമായ ഇടപെടൽ ഫ്ലൈറ്റിൽ ശ്വാസതടസ്സം അനുഭവപ്പെട്ട, ജന്മനാ ഹൃദ്രോഗബാധിതനായ ആറുമാസം പ്രായമുള്ള ഒരു കുഞ്ഞിൻ്റെ ജീവൻ രക്ഷിച്ചു. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ചികിത്സയ്ക്കായി കുഞ്ഞിനെ കൊണ്ടുപോകുകയായിരുന്നു കുഞ്ഞിൻ്റെ മാതാപിതാക്കൾ. എന്നാൽ ഫ്ലൈറ്റ് എടുത്ത് കഴിഞ്ഞു ഉടൻ തന്നെ കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ആശങ്കാകുലരായ മാതാപിതാക്കൾ സ്ഥിതിഗതികൾ ഫ്ലൈറ്റിലെ ക്രൂവിനെ അറിയിച്ചു. ക്രൂ ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട് ഫ്ലൈറ്റിൽ ഒരു അറിയിപ്പ് പുറപ്പെടുവിച്ചു. റാഞ്ചി സദർ ഹോസ്പിറ്റലിലെ ഡോക്ടർ മൊസാമിൽ ഫെറോസും ഡോക്ടർ കൂടിയായ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. നിതിൻ കുൽക്കർണിയും അറിയിപ്പ് കേട്ട് കുഞ്ഞിൻ്റെ  രക്ഷയ്ക്കെത്തി. മുതിർന്നവർക്കുള്ള മാസ്‌ക് ഉപയോഗിച്ചാണ് ഡോക്ടർമാർ കുഞ്ഞിന് ഓക്സിജൻ നൽകിയത്. മെഡിക്കൽ രേഖകൾ പരിശോധിച്ച ശേഷം, തിയോഫിലിൻ കുത്തിവയ്പ്പ് ഉൾപ്പെടെയുള്ള മറ്റ് അടിയന്തര മരുന്നുകളും നൽകി. കുഞ്ഞിൻ്റെ മാതാപിതാക്കൾ, അവരുടെ പക്കൽ ഒരു ഡെക്‌സോണ ഇൻജെക്ഷൻ കരുതിയിരുന്നു. ഇതും ഡോക്ടർമാർക്ക് ഏറെ സഹായകരമായി. "കുഞ്ഞിന് ശ്വാസം മുട്ടുന്നതിനാൽ അമ്മ കരയുകയായിരുന്നു. ഡോ. മൊസമ്മിലും ഞാനും കുഞ്ഞിൻ്റെ സംരക്ഷണം ഏറ്റെടുത്തു. ബേബി മാസ്‌ക്കോ ക്യാനുലയോ ലഭ്യമല്ലാത്തതിനാൽ മുതിർന്നവരുടെ മാസ്‌ക് വഴി ഓക്സിജൻ വിതരണം ചെയ്തു." ഡോ. കുൽക്കർണി പറഞ്ഞു. എമർജൻസി മരുന്നുകളും ഓക്സിജൻ സഹായവും ലഭിച്ചപ്പോൾ കുഞ്ഞിൻ്റെ ആരോഗ്യത്തിൽ പുരോഗതിയുണ്ടായി. "ആദ്യത്തെ 15-20 മിനിറ്റുകൾ വളരെ നിർണായകവും ഏറെ സമ്മർദ്ദമേറിയതുമാണ്. കാരണം ഈ സമയത്ത് പുരോഗതി അളക്കാൻ പ്രയാസമാണ്. എന്നിരുന്നാലും, കുറച്ച് സമയത്തിനുള്ളിൽ, കുഞ്ഞ് ശബ്ദമുണ്ടാക്കുകയും കണ്ണുകൾ തുറക്കുകയും ചെയ്തു. ഇത് മാതാപിതാക്കൾക്ക് വലിയ ആശ്വാസം നൽകി." ഡോ. കുൽക്കർണി പറഞ്ഞു. "ഞങ്ങൾ കുഞ്ഞിൻ്റെ 

മെഡിക്കൽ രേഖകൾ പരിശോധിച്ചു. കുഞ്ഞിന് പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ് (പിഡിഎ) എന്ന  ജന്മനായുള്ള ഹൃദ്രോഗം ആയിരുന്നു. ഡോ. കുൽക്കർണി കൂട്ടിച്ചേർത്തു. ഡൽഹിയിൽ ഫ്ലൈറ്റ് എത്തുമ്പോൾ കുഞ്ഞിന് മുൻഗണന നൽകി ഫ്ലൈറ്റ് ലാൻഡിംഗ് ചെയ്യണമെന്നും പൂർണ്ണ വൈദ്യസഹായം നൽകണമെന്നും ഡോക്ടർമാർ അഭ്യർത്ഥിച്ചു. ഒരു മണിക്കൂറിന് ശേഷം വിമാനം ലാൻഡ് ചെയ്യുകയും കുഞ്ഞിനെ ഒരു മെഡിക്കൽ സംഘത്തിന് കൈമാറുകയും ചെയ്‌തു. “ഒരു മണിക്കൂറിലധികം നീണ്ട ഞങ്ങളുടെ പരിശ്രമത്തിൻ്റെ ഫലത്തിൽ ഞങ്ങൾ സന്തുഷ്ടരും സംതൃപ്തരുമാണ്.” നിലവിൽ ജാർഖണ്ഡ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ. കുൽക്കർണി പറഞ്ഞു. ഫ്ലൈറ്റിലുണ്ടായിരുന്ന യാത്രക്കാർ എല്ലാവരും ഡോക്ടർമാരെ അഭിനന്ദിച്ചു. "ഡോക്ടർമാർ ദൈവം അയച്ച മാലാഖമാരാണ്. ആ രണ്ടു ഡോക്ടർമാർക്കും എൻ്റെ  വക ഒരു സല്യൂട്ട്." ഫ്ലൈറ്റിലെ ഒരു യാത്രക്കാരൻ്റെ വാക്കുകൾ.

 


velby
;