Top Stories
ഡോക്‌ടേഴ്‌സ് ഒളിമ്പ്യാഡ് 2023: വിജയവാഡ വേദിയാകും.
2023-08-28 09:59:18
Posted By :  Admin1

വിജയവാഡ: ഐ.എം.എയുടെ ദേശീയ കായികമേളയായ ‘ഡോക്ടേഴ്സ് ഒളിമ്പ്യാഡ് 2023’ നവംബർ 22 മുതൽ നവംബർ 26 വരെ വിജയവാഡയിൽ നടക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ. ശരദ് കുമാർ അഗർവാൾ അറിയിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച വിജയവാഡയിൽ വെച്ച് നടന്ന പത്രസമ്മേളനത്തിൽ ആണ് ഡോ. ശരദ് കുമാർ ഇക്കാര്യം അറിയിച്ചത്. രാജ്യത്തുള്ള രണ്ടായിരത്തോളം ഡോക്ടർമാർ ഈ സ്പോർട്സ് മീറ്റിൽ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഐ.എം.എ വിജയവാഡ ചാപ്റ്ററിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘാടക സമിതിയാണ് മീറ്റിന്റെ ക്രമീകരണങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള സ്പോർട്സ് മീറ്റുകൾ നിരന്തരം ജോലിയുടെ സമ്മർദ്ദത്തിൽ അടിമപ്പെടുന്ന ഒരുപാട് ഡോക്ടർമാർക്ക് ആശ്വാസം നൽകുമെന്നും അത് തന്നെയാണ് ഈ സ്പോർട്സ് മീറ്റിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആചാര്യ നാഗാർജുന യൂണിവേഴ്‌സിറ്റി സ്‌പോർട്‌സ് ഗ്രൗണ്ടുകളിലും ഡോക്‌ടേഴ്‌സ് സ്‌പോർട്‌സ് അക്കാദമി ഗ്രൗണ്ടുകളിലും നഗരത്തിലും പരിസരത്തുമുള്ള മറ്റ് സ്‌പോർട്‌സ് ഗ്രൗണ്ടുകളിലായി 22 ഇനങ്ങളിലായി 84 കായിക ഇനങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിൽ ഇതാദ്യമായാണ് ഡോക്ടർമാരുടെ ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കായികമേളയുടെ ലോഗോ പ്രകാശനവും കായിക മത്സരങ്ങളുടെ വിശദാംശങ്ങളടങ്ങിയ ബ്രോഷറിൻ്റെ  പ്രകാശനവും ഐ.എം.എ പ്രതിനിധികൾ നിർവഹിച്ചു. ഡോ. ശരദ് കുമാറിന് പുറമെ ഐഎംഎ-എപി പ്രസിഡന്റ് ഡോ.ജി.രവികൃഷ്ണ, ദേശീയ വൈസ് പ്രസിഡന്റ് ഡോ.ഡി.ശ്രീഹരി, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.പി.ഫണിധർ, ഐ.എം.എ വിജയവാഡ പ്രസിഡന്റ് ഡോ.എം.എ.റഹ്മാൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.


velby
;