Top Stories
ലോകത്തിലെ ആദ്യത്തെ കീഹോൾ സർജറി: ചരിത്രം കുറിച്ച് ബാംഗ്ലൂർ നാരായണ ഹെൽത്ത് സിറ്റി.
2023-07-24 14:32:03
Posted By :  Admin1

ബാംഗ്ലൂർ: ലോകത്തിലെ ആദ്യത്തെ കീഹോൾ സർജറി ചെയ്ത് ചരിത്രം കുറിച്ചിരിക്കുകയാണ് ബാംഗ്ലൂർ നാരായണ ഹെൽത്ത് സിറ്റിയിലെ ഡോക്ടർമാർ. ചർമ്മത്തിലെ ഒരു ചെറിയ മുറിവിലൂടെ ശരീരത്തിനുള്ളിൽ ഒരു ശസ്ത്രക്രിയ നടത്താൻ ശസ്ത്രക്രിയാ വിദഗ്ധനെ അനുവദിക്കുന്ന ഒരു സാങ്കേതിക രീതിയാണ് കീഹോൾ സർജറി. അതും ഇത്തരത്തിൽ ഉള്ള സർജറി ചെയ്തതാവട്ടെ ഹൃദയം നെഞ്ചിൻറെ വലത് ഭാഗത്തുള്ള ഒരു വ്യക്തിയിലും! ടെക്‌സ്‌ട്രോകാർഡിയ എന്നാണ് ഈ അവസ്ഥക്ക് പറയുന്നത്. ഇത് പതിനായിരത്തിൽ ഒരാളിൽ മാത്രം കാണപ്പെടുന്ന വളരെ വിരളമായിട്ടുള്ള ഒരു ഹൃദയ വൈകല്യമാണ്. നാരായണ ഹെൽത്ത് സിറ്റിയിലെ സീനിയർ കാർഡിയാക് സർജനായ ഡോ.രഘു MG-യും ടീമും ആണ് ഏറെ പ്രയാസകരമായ ഈ സർജറി ചെയ്തത്. ബംഗ്ലാദേശുകാരനായ യെഷിൻ ഭുയാൻ (47) ആയിരുന്നു രോഗി. ഇദ്ദേഹത്തിന് ആറ് മാസത്തോളം നെഞ്ചിൻറെ വലത് വശത്ത്‌ നല്ല വേദന അനുഭവപ്പെടാറുണ്ടായിരുന്നു. വിശദമായ ചികിത്സക്കൊടുവിൽ ഭുയാന് കോംപ്ലക്സ് ട്രിപ്പിൾ വെസ്സൽ ഡിസീസ് ആണെന്ന് കണ്ടെത്തി. ഹൃദയത്തിന് ആവശ്യമായ രക്തം, ഓക്സിജൻ, പോഷകങ്ങൾ എന്നിവ നൽകാൻ കൊറോണറി ധമനികൾ പാടുപെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. തുടർന്ന് ഡോ.രഘുവും ടീമും ഭുയാനിൽ കൊറോണറി ആർട്ടറി ബൈപ്പാസ് സർജറി ചെയ്യുകയായിരുന്നു. നെഞ്ചിന്റെ വലതുഭാഗത്ത് ചെറിയ മുറിവുണ്ടാക്കിയാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്. ഇത് വിജയമായതോടെ ലോകത്തിലെ ആദ്യത്തെ കീഹോൾ സർജറിയായി ഇത് മാറി. "ഞങ്ങൾ കൈവരിച്ചിരിക്കുന്നത് ഒരു വലിയ നാഴികക്കല്ലാണ്. ലോകത്തിലെ ആദ്യത്തെ മിനിമലി ഇൻവാസിവ് സർജറി, അതും വലത് വശത്തുള്ള ഹൃദയത്തിൽ. ഈ സർജറിയുടെ ഏറ്റവും വലിയ വെല്ലുവിളി സാധാരണ ഇടത് വശത്തുള്ള ഹൃദയത്തിൽ ചെയ്യേണ്ടിയിരുന്ന സർജറി നേരെ വിപരീതം ആയതാണ്. ഇത് കാരണം ഉപകരണങ്ങളിലും സാങ്കേതികതകളിലും കാര്യമായ മാറ്റങ്ങൾ ആവശ്യമായി വന്നു ." സർജറിക്ക്‌ നേതൃത്വം കൊടുത്ത ഡോ.രഘു പറഞ്ഞു. എങ്ങനെയാണ് ലോകത്തിലെ ആദ്യത്തെ മിനിമലി ഇൻവാസിവ് സർജറി ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു."നെഞ്ചിന്റെ വലതുഭാഗത്ത് വെറും അഞ്ച് സെന്റീമീറ്റർ നീളത്തിൽ ചെറിയ മുറിവുണ്ടാക്കി വാരിയെല്ലുകളിലൂടെ സൂക്ഷ്മമായി ചലിപ്പിച്ച് എല്ലുകൾ മുറിയാതെ ഹൃദയത്തിലേക്ക് പ്രവേശിക്കുക വഴിയാണ് സംഘം ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്." ഡോക്ടർ പറഞ്ഞു. ഇക്കഴിഞ്ഞ ജൂൺ 16-നു ആയിരുന്നു സർജറി ചെയ്തത്. സർജറി കഴിഞ്ഞു അഞ്ചു ദിവസത്തിനകം ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. എന്തായാലും ചരിത്രം കുറിച്ച ബാംഗ്ലൂർ നാരായണ ഹെൽത്ത് സിറ്റിയിലെ ഡോക്ടർമാർക്ക് എല്ലായിടത്ത് നിന്നും അഭിനന്ദനപ്രവാഹം ലഭിച്ച് കൊണ്ടിരിക്കുകയാണ്

 


velby
;