Top Stories
ഇരട്ട ഐ.സി.എം.ആർ അംഗീകാരം: അഭിമാനമായി കൊച്ചി അമൃത ഹോസ്പിറ്റൽ .
2023-12-16 15:13:04
Posted By :  Admin1

കൊച്ചി: പാമ്പുകടിയിലും ഹൃദയസംബന്ധമായ ഗവേഷണത്തിലും തകർപ്പൻ സംഭാവനകൾ നൽകിയതിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) ഇരട്ട അംഗീകാരം കരസ്ഥമാക്കി കൊച്ചിയിലെ അമൃത ഹോസ്പിറ്റൽ. പാമ്പുകടിയുമായി ബന്ധപ്പെട്ട ചികിത്സ, പ്രതിരോധശേഷി വർദ്ധിപ്പിക്കൽ, അവബോധം സൃഷ്ടിക്കൽ, ഗവേഷണ വശങ്ങൾ എന്നിവയിൽ ടീമിന്റെ അസാധാരണമായ പ്രവർത്തനത്തിന്റെ തെളിവാണ് ഈ അംഗീകാരം. ഡോ ജയദീപ് മേനോൻ, ഡോ ബിപിൻ നായർ, വി വി പിള്ള, ഗിരീഷ് കുമാർ, ടി പി ശ്രീകൃഷ്ണൻ, ശബരീഷ് ബി നായർ, മുരളീധരൻ വി, അരവിന്ദ് എം എസ് എന്നിവരാണ് ഈ വിശിഷ്ട സംഘത്തിലുള്ളത്. ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു വലിയ പ്രശ്നമാണ് പാമ്പുകടി. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം പ്രതിവർഷം  4.5 മുതൽ 5.4 ദശലക്ഷം വരെ പാമ്പുകടി സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഇതിൽ 81,000 മുതൽ 138,000 വരെ ആളുകൾ ഏറെ സങ്കീർണതകളിലേക്കും 400,000 പേർ സ്ഥിരമായ വൈകല്യങ്ങൾക്കും കീഴടങ്ങുന്നു. "പാമ്പുകടിയേറ്റ കേസുകളിൽ 70 ശതമാനവും 20-നും 60-നും ഇടയിൽ പ്രായമുള്ള പുരുഷന്മാരെയാണ് ബാധിക്കുന്നത്. ഇത് പല കുടുംബങ്ങൾക്കും അവരുടെ കുടുംബനാഥനെ നഷ്ടപ്പെടാൻ കാരണമാകുന്നു. ഇത് ഗുരുതരമായ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് കാരണവുമാകുന്നു. ബോധവൽക്കരണം, ശേഷി വർദ്ധിപ്പിക്കൽ, അവശ്യ ഗവേഷണങ്ങൾ എന്നിവയുൾപ്പെടെയുള്ള ഞങ്ങളുടെ ടീമിന്റെ സമഗ്രമായ സമീപനം തീവ്രമാക്കാനുള്ള പ്രധാനപ്പെട്ട കാരണം ഇതാണ്. പാമ്പുകടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുക, ആശയവിനിമയം സാമഗ്രികൾ വികസിപ്പിക്കുന്നത് ഉൾപ്പെടെ പാമ്പുകടിയേറ്റ വിഷബാധയുമായി ബന്ധപ്പെട്ട വിവിധ വശങ്ങളെ അഭിസംബോധന ചെയ്യാൻ ഞങ്ങളുടെ സഹകരണ കേന്ദ്രം ലക്ഷ്യമിടുന്നു. ഒപ്പം ഉയർന്ന മുൻ‌ഗണനയുള്ള ഗവേഷണം നടത്തുക, പങ്കാളികളുമായി നെറ്റ്‌വർക്കിംഗ് നടത്തുക, അവഗണിക്കപ്പെട്ട പൊതുജനാരോഗ്യ പ്രശ്‌നവുമായി ബന്ധപ്പെട്ട മരണനിരക്കും രോഗാവസ്ഥയും കുറയ്ക്കുന്നതിന് പോളിസി ഇൻപുട്ടുകൾ നൽകുക. എന്നിവയും ഞങ്ങളുടെ ടീം ചെയ്യുന്നു." അമൃത ഹോസ്പിറ്റലിലെ അഡൾട്ട് കാർഡിയോളജി ആൻഡ് പബ്ലിക് ഹെൽത്ത് പ്രൊഫസർ ഡോ. ജയദീപ് മേനോൻ പറഞ്ഞു. അതോടൊപ്പം, അമൃത ഹോസ്പിറ്റലിന്റെ പീഡിയാട്രിക് ഹാർട്ട് പ്രോഗ്രാമിന്, പീഡിയാട്രിക് കാർഡിയാക് ഗവേഷണത്തിനുള്ള അസാധാരണമായ സംഭാവനകൾ കണക്കിലെടുത്ത് ഐ.സി.എം.ആറിന്റെ അഭിമാനകരമായ സെന്റർ ഓഫ് എക്സലൻസ് അവാർഡും ലഭിച്ചു. 1998-ലാണ് അമൃത ഹോസ്പിറ്റലിന്റെ പീഡിയാട്രിക് ഹാർട്ട് പ്രോഗ്രാം സ്ഥാപിച്ചത്. വിവിധ തരത്തിലുള്ള ഗവേഷണങ്ങൾ ഇവിടെ നടക്കുന്നു. ജന്മനായുള്ള ഹൃദയ വൈകല്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് കുറഞ്ഞ തന്ത്രങ്ങൾ വികസിപ്പിക്കുക, പ്രമുഖ അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിക്കുക, കുട്ടികളുടെ ഹൃദ്രോഗത്തെക്കുറിച്ച് ഫലപ്രദമായ കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾ നടത്തുക എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു. "അമൃതയിലെ ഞങ്ങളുടെ പീഡിയാട്രിക് ഹാർട്ട് പ്രോഗ്രാമിന് ഡി.ജി ഐ.സി.എം.ആർ നൽകിയ ഈ പുരസ്കാരം ഞങ്ങൾ ഏറെ അഭിമാനത്തോടെ സ്വീകരിക്കുന്നു. ഞങ്ങളുടെ ടീം സ്ഥിരമായി ഉയർന്ന നിലവാരമുള്ള ഗവേഷണത്തിൽ ഏർപ്പെടുന്നു. ഇത് മികച്ച ഫലങ്ങൾ നൽകുന്നു." അമൃത ഹോസ്പിറ്റലിലെ ക്ലിനിക്കൽ പ്രൊഫസറും പീഡിയാട്രിക് കാർഡിയോളജി മേധാവിയുമായ ഡോ. ആർ. കൃഷ്ണ കുമാർ, പീഡിയാട്രിക് കാർഡിയോളജി ക്ലിനിക്കൽ പ്രൊഫസർ ഡോ. മഹേഷ് എന്നിവർ പറഞ്ഞു.


velby
More from this section
2025-02-28 18:14:56

Kerala Doctors Successfully Reattach Severed Hand in Marathon Surgery

 

2023-12-07 18:18:14

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിലെ രണ്ടാം വർഷ പി.ജി വിദ്യാർത്ഥിനിയായ ഡോ. ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടർ ഇ.എ റുവൈസിനെ  തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് ബുധനാഴ്ച കസ്റ്റഡിയിൽ എടുത്തു. 

2025-02-05 11:33:59

Sree Chitra Thirunal Institute of Medical Sciences and Technology in Thiruvananthapuram Introduces New Bone-Healing Drugs

 

2024-06-29 17:15:01

ജോലിക്ക് കയറാതെ അനധികൃതമായി നടക്കുന്ന 56 ഡോക്ടർമാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ജോലിയിലേക്ക് തിരികെ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് സമയം കൊടുത്തു എങ്കിലും തിരികെ പ്രവേശിക്കാതെ നടക്കുന്ന ഡോക്ടർമാർക്കെതിരെയാണ് നടപടി.

2025-04-23 18:59:37

Tamil Nadu Government Doctors Express Disappointment Over Health Budget

 

;