Top Stories
മിസ് ഇന്ത്യ യു.എസ്.എ 2023 കിരീടം കരസ്ഥമാക്കി ഇന്ത്യൻ-അമേരിക്കൻ മെഡിക്കൽ വിദ്യാർത്ഥിനി
2023-12-13 17:35:55
Posted By :  Admin1

വാഷിംഗ്‌ടൺ (യു.എസ്): ന്യൂജേഴ്‌സിയിൽ വെച്ച് നടന്ന വേൾഡ് വൈഡ് പേജന്റ് വാർഷിക മത്സരത്തിൽ മിഷിഗണിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ മെഡിക്കൽ വിദ്യാർത്ഥിനിയായ റിജുൽ മൈനി മിസ് ഇന്ത്യ യു.എസ്.എ  2023 ആയി തിരഞ്ഞെടുക്കപ്പെട്ടു. വിർജീനിയയിൽ നിന്നുമുള്ള ഗ്രീഷ്മ ഭട്ട് ഫസ്റ്റ് റണ്ണറപ്പും നോർത്ത് കരോലിനയിൽ നിന്നുമുള്ള ഇഷിത പൈ റായ്കർ സെക്കൻഡ് റണ്ണറപ്പുമായി തിരഞ്ഞെടുക്കപ്പെട്ടു. പരിപാടിയിൽ മസാച്യുസെറ്റ്സിൽ നിന്നുള്ള സ്നേഹ നമ്പ്യാർ മിസിസ് ഇന്ത്യ യു.എസ്.എ ആയി പ്രഖ്യാപിക്കപ്പെടുകയും പെൻസിൽവാനിയയിൽ നിന്നുള്ള സലോനി രാംമോഹൻ മിസ് ടീൻ ഇന്ത്യ യു.എസ്.എ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മെഡിക്കൽ വിദ്യാർത്ഥിനിയും മോഡലുമായ മൈനി (24) ഒരു ശസ്ത്രക്രിയാ വിദഗ്ധയാകാൻ  ആഗ്രഹിക്കുന്നുവെന്നും എല്ലായിടത്തും സ്ത്രീകൾക്ക് ഒരു മാതൃകയായി പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഒരു പത്രക്കുറിപ്പിൽ പറയുന്നു. "ഞാൻ എം.എസ്.യു.സി.ഒ.എം 2025 ക്ലാസ്സിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനീയാണ്. 
 ഈ വേനൽക്കാലത്ത്, മിസ് ഇന്ത്യ മിഷിഗൺ 2023 മത്സരത്തിൽ പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞു. ഹോസ്പിറ്റൽ റൊട്ടേഷൻ ആരംഭിക്കുന്നതിന് മുൻപ് ഇത് പോലെ രസകരമായ എന്തെങ്കിലും ചെയ്‌താൽ നന്നാകും എന്ന് എനിക്ക് തോന്നി." മൈനി ട്വിറ്ററിൽ കുറിച്ചു. "കിരീടം നേടിയതിൽ ഞാൻ അതീവ സന്തോഷവതിയാണ്. ഞാൻ എല്ലായ്പ്പോഴും ഫാഷൻ, കല, സൗന്ദര്യം എന്നിവയുടെ കടുത്ത ആരാധികയാണ്. അതുകൊണ്ട് തന്നെ മെഡിക്കൽ പഠനത്തോടൊപ്പം എന്റെ ഈ താല്പര്യങ്ങളും നല്ല രീതിയിൽ തന്നെ കൊണ്ട് പോകാൻ കഴിയുന്നത് ഒരു അനുഗ്രഹമാണ്." മൈനിയുടെ വാക്കുകൾ. "മിസ് ഇന്ത്യ മിഷിഗൺ 2023 കിരീടം നേടിയതിന് എം.എസ്.യു.സി.ഒ.എം വിദ്യാർത്ഥിനി റിജുൽ മൈനിക്ക് അഭിനന്ദനങ്ങൾ." എം.എസ്.യു കോളേജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിൻ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ കാലം നടക്കുന്ന ഇന്ത്യൻ മത്സരമായ വേൾഡ് വൈഡ് പേജന്റിന്റെ 41-ാം വാർഷികം ആണ് ഈ വർഷം. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഇന്ത്യൻ-അമേരിക്കക്കാരായ ധർമ്മാത്മയും നീലം ശരണും ചേർന്നാണ് വേൾഡ് വൈഡ് പേജന്റ്സിന്റെ ബാനറിൽ ഈ പരിപാടി ആരംഭിച്ചത്. സംഘാടകർ പറയുന്നതനുസരിച്ച്, 25-ലധികം സംസ്ഥാനങ്ങളിൽ നിന്നുള്ള 57 മത്സരാർത്ഥികൾ  മിസ് ഇന്ത്യ യുഎസ്എ, മിസിസ് ഇന്ത്യ യുഎസ്എ, മിസ് ടീൻ ഇന്ത്യ യുഎസ്എ എന്നീ
മൂന്ന് വ്യത്യസ്ത മത്സരങ്ങളിൽ പങ്കെടുത്തു.  മൂന്ന് വിഭാഗങ്ങളിലെയും വിജയികൾക്ക് ഇതേ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന മിസ്- മിസ്സിസ്-ടീൻ ഇന്ത്യ വേൾഡ് വൈഡിൽ പങ്കെടുക്കാൻ കോംപ്ലിമെന്ററി എയർ ടിക്കറ്റുകൾ ലഭിക്കും. " വർഷങ്ങളായി ലോകമെമ്പാടുമുള്ള ഇന്ത്യൻ സമൂഹം നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ട്." വേൾഡ് വൈഡ് പേജന്റ്സിന്റെ സ്ഥാപകനും ചെയർമാനുമായ ധർമ്മാത്മ ശരൺ പറഞ്ഞു.


velby
;