Top Stories
എച്ച് എം പി വി വൈറസ് എന്നാൽ എന്ത്? ഭയപ്പെടേണ്ടതുണ്ടോ?
2025-01-10 18:04:00
Posted By :  Admin1

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എല്ലാവരെയും ഭയപ്പെടുത്തിക്കൊണ്ട് ചൈനയിൽ റിപ്പോർട്ട് ചെയ്ത പുതിയ വൈറസ് ആണ് എന്നുള്ള രീതിയിൽ വാർത്ത പ്രചരിക്കുന്ന ഒന്നാണ് എച്ച് എം പി വി വൈറസ്. എന്നാൽ യഥാർത്ഥത്തിൽ എച്ച് എം പി വി വൈറസ് കോവിഡ് പോലെ ജനങ്ങൾ ഭയപ്പെടേണ്ട ഒന്നാണോ? ഇത് പുതിയ ഒരു വൈറസ് ആണോ? അല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ല എന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തന്നെ പറയുന്നു.

 എച്ച് എം പി വി വൈറസ് പുതിയൊരു വൈറസ് അല്ല എന്നും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തന്നെ ഇന്ത്യയിൽ മാത്രം 16 കുട്ടികളിൽ ഈ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൈനയിൽ കേസ് റിപ്പോർട്ട് ചെയ്ത ശേഷം ബാംഗ്ലൂരിൽ ഉൾപ്പെടെ കുട്ടികളിൽ വൈറസ് കണ്ടതായി വാർത്തകൾ പ്രചരിച്ചിരുന്നു. വൈറസ് കണ്ടു എന്നുള്ള വാർത്ത സത്യമാണ് എങ്കിലും കോവിഡ് പോലെ ലോകം ലോക്ക് ഡൗണിലേക്ക് പോകുന്ന സാഹചര്യമോ അല്ലെങ്കിൽ ഭയപ്പെടേണ്ട സാഹചര്യമോ എച്ച് എം പി വി വൈറസ് മൂലം ഉണ്ടാവില്ല.

 എച്ച് എം പി വി വൈറസിനായി പ്രത്യേക ചികിത്സയോ ശുശ്രൂഷയോ നൽകേണ്ട ആവശ്യം നിലവിൽ ഇല്ല എന്നും മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കുന്നുണ്ട്. നിലവിൽ ഇതിനായി പ്രത്യേക ചികിത്സയോ വാക്സിനേഷനോ ഒന്നുമില്ല. പണ്ടുമുതലേ ഈ കേസ് പല ആളുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എങ്കിലും ഇതിനെ പ്രത്യേക വാക്സിനേഷൻ പോലും കണ്ടുപിടിക്കാത്തത് അത്ര ഭയപ്പെടേണ്ട രോഗമായി എച്ച് എം പി വി വൈറസിനെ കാണാത്തതുകൊണ്ടാണ്. 

 നിലവിൽ എച്ച്എംപിവി പരിശോധന നടത്തണമെങ്കിൽ 8,000–15,000 രൂപ വരെ ചിലവു വരും. എന്നാൽ, ഈ പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും ഡോക്ടർമാർ തന്നെ വെളിപ്പെടുത്തുന്നു. സാധാരണ ജലദോഷ പനി പോലെയാണ് എച്ച് എം പി വി വൈറസ് കാണപ്പെടുന്നത്. ചുമയും തലവേദനയും തൊണ്ടവേദനയും ഉൾപ്പെടെ വൈറസ് ഒരാൾ ബാധിക്കപ്പെട്ടാൽ കാണപ്പെട്ടേക്കാം. എന്നാൽ സാധാരണ പനിയുടെ ചികിത്സ കൃത്യമായി നൽകിയാൽ ഈ വൈറസ് അപ്രത്യക്ഷമാകുകയാണ് പതിവ്. നിലവിലുള്ള ജലദോഷപനിയുടെ കാലയളവ് തന്നെയായിരിക്കും ഈ വൈറസ് ബാധിച്ചാൽ ഒരാൾക്ക് രോഗം വിട്ടുമാറാനായി എടുക്കുന്ന കാലയളവ്.

 ചൈനയിൽ നിരവധി ആളുകൾക്ക് വൈറസ് ബാധിക്കാൻ കാരണമായ സാഹചര്യം അവിടുത്തെ കാലാവസ്ഥ ആയിരുന്നു. കൊടും ശൈത്യമാണ് ചൈനയിൽ ഇപ്പോൾ. തണുപ്പ് കൂടുന്നതിനനുസരിച്ച് ഈ വൈറസിന്റെ വ്യാപനവും കൂടും. എന്നാൽ ആളുകളിൽ ഭയം ജനിപ്പിക്കുന്ന രീതിയിലേക്ക് രോഗം മാറുന്നത് അപൂർവമായി മാത്രമാണ് നടക്കുന്നത്. ചെറിയ കുട്ടിയോ പ്രായമുള്ള ആളാണെങ്കിൽ ചിലപ്പോൾ എച്ച് എം പി വി വൈറസ് ബാധിച്ചാൽ രോഗം മൂർച്ഛിച്ചേക്കാം.

 എന്നാൽ എല്ലാ പ്രായമുള്ള ആളുകളിലും കുട്ടികളിലും രോഗം മൂർച്ഛിച്ച് അപകടത്തിലേക്ക് നയിക്കുവാനുള്ള സാധ്യത വളരെ വിരളമാണ്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളോ ആസ്മയവും ഉള്ള ആളുകൾക്ക് ചിലപ്പോൾ എച്ച് എം പി വി രോഗം അപകട നിലയിലേക്ക് കടന്നേക്കാം. എന്നാൽ കൃത്യമായി ചികിത്സ കൃത്യമായ സമയത്ത് ഉറപ്പുവരുത്തുന്നതിലൂടെ രോഗവ്യാപനം ഒരു പരിധിവരെ തടയുവാൻ കഴിയും. പനിയുടെയോ ജലദോഷത്തിന്റെയോ ലക്ഷണം ഒരാളിൽ കാണിച്ചാൽ സ്വയം ചികിത്സ നടത്താതെ ഡോക്ടറുടെ പരിചരണം നേടി മരുന്ന് കഴിക്കുന്നതിലൂടെ രോഗത്തിൽ നിന്നും മുക്തി നേടുവാൻ സാധിക്കും.

 നിലവിൽ വാർത്തകൾ പ്രചരിച്ചതുപോലെ പേടിക്കേണ്ട ഒരു സാഹചര്യവും ചൈനയിലും മറ്റു രാജ്യങ്ങളിലുമില്ല. കോവിഡ് ചൈനയിൽ കൊട്ടിപ്പുറപ്പെട്ട ഒരു വൈറസ് ആയതിനാലാണ് എച്ച് എം പി വി വൈറസ് ചൈനയിൽ റിപ്പോർട്ട് ചെയ്തപ്പോൾ അതിന് മാധ്യമശ്രദ്ധ കൂടുതൽ ലഭിക്കുകയും ഭയപ്പെടേണ്ട സാഹചര്യമുള്ള എന്നുള്ള വാർത്തകൾ ഉൾപ്പെടെ പ്രചരിച്ചത്. എന്നാൽ ഈ രോഗം ആദ്യമായി വന്നത് ചൈനയിൽ അല്ല. രോഗവ്യാപനത്തിന് കാരണമാകുന്ന പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്ന് അതിശയിത്യമാണ്. ഉത്തരേന്ത്യയിലെ ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒഴിച്ച് ഇന്ത്യയിൽ കൊടും ശൈത്യ വരുന്നതുപോലും അപൂർവമാണ്. അതുകൊണ്ടുതന്നെ നിലവിൽ ഭയപ്പെടേണ്ട ഒരു സാഹചര്യവും ഇല്ല.


velby
;