Top Stories
പാർക്കിംഗ് തർക്കം: ഡോക്ടർ ദമ്പതിമാർക്ക് നേരെ ആക്രമണം.
2023-07-31 13:33:56
Posted By :  Admin1

ഗുരുഗ്രാം (ഹരിയാന): സെക്ടർ 51ലെ സർവീസ് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഗുരുഗ്രാമിലെ ഒരു ഡോക്ടർ ദമ്പതികളെയും അവരുടെ കുടുംബാംഗങ്ങളെയും 15 പേരടങ്ങുന്ന സംഘം ആക്രമിച്ചു. ഡോ.ജിതേന്ദ്ര സിംഗും അദ്ദേഹത്തിൻ്റെ ഭാര്യയായ ഡോ.മാൻസിയുമാണ് ആക്രമണത്തിന് ഇരകളായത്. പ്രശ്നങ്ങളെല്ലാം തുടങ്ങുന്നത് കഴിഞ്ഞ 17-ന് രാത്രി 9.30-ന് ഇവരുടെ കാർ ബ്രേക്ഡൗൺ ആയപ്പോഴാണ്. ഓർക്കിഡ് ഐലണ്ടിന് സമീപമായിരുന്നു കാറിന് തകരാർ സംഭവിച്ചത്. കാർ സ്റ്റാർട്ട് ചെയ്യാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് ഡോ.സിംഗിന് കാർ സർവീസ് റോഡിൽ പാർക്ക് ചെയ്യേണ്ടി വന്നു. സഹായത്തിനായി ഡോ.സിംഗ് തൻ്റെ കസിനായ പ്രിയാൻഷുവിനെ വിളിക്കുകയും അദ്ദേഹം അധികം വൈകാതെ തന്നെ സ്ഥലത്തെത്തുകയും ചെയ്തു. ഇരുവരും ചേർന്ന് കാർ ശരിയാക്കാൻ ശ്രമിക്കുന്നതിനിടെ രാകേഷ് എന്നൊരു വ്യക്തി അവിടേക്ക് വരികയും ഇവർ രണ്ട് പേരോടും കാർ ഉടൻ തന്നെ അവിടെന്ന് മാറ്റണമെന്നും പറഞ്ഞു. രാകേഷിനോട് ഇരുവരും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അയാൾ ഇവരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഡോ.സിംഗിന്റെ ഭാര്യയായ ഡോ.മാൻസിയെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് കണ്ട ഡോ.സിംഗ് രാകേഷിനോട് നല്ല രീതിയിൽ പെരുമാറാൻ ആവശ്യപ്പെടുകയും അയാളെ അവിടെ നിന്നും പറഞ്ഞയക്കുകയും ചെയ്തു. എന്നാൽ കുറച്ചു കഴിഞ്ഞു രാകേഷ് 15 പേർ അടങ്ങുന്ന സംഘവുമായി വീണ്ടും അവിടേക്ക് വരികയും ഡോ.സിങ്ങിനെയും പ്രിയാൻഷുവിനെയും ആക്രമിക്കുകയും ചെയ്തു. സഹായത്തിനായി ഡോ.സിംഗ് തൻ്റെ അച്ഛനെയും സഹോദരനെയും വിളിച്ചെങ്കിലും അവരും ആക്രമിക്കപ്പെട്ടു. ആക്രമണത്തിനിടെ ഡോ.സിംഗിന്റെ സഹോദരനിൽ നിന്നും അക്രമികൾ ഒരു സ്വർണ്ണ ചെയിൻ തട്ടിയെടുക്കുകയും ചെയ്തു. ഒടുവിൽ നാട്ടുകാർ എത്തുകയും ഇവരെ സംഭവ സ്ഥലത്ത് നിന്നും 500 മീറ്റർ അകലെയുള്ള ആർടെമിസ് ഹോസ്പിറ്റലിലേക്ക് എത്തിക്കുകയും ചെയ്തു. കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, പരിക്കേൽപ്പിക്കൽ, ആയുധം ഉപയോഗിച്ച് തട്ടിയെടുക്കൽ തുടങ്ങി ഐപിസിയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം രാകേഷിനെതിരെയും സംഘത്തിലെ മറ്റുള്ളവർക്കെതിരെയും കേസ് എടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഗുരുഗ്രാമിലെ സനാർ ഇന്റർനാഷണൽ ഹോസ്പിറ്റലിൽ ഓർത്തോപീഡിക് സർജനാണ് ഡോ.ജിതേന്ദ്ര സിംഗ്.

 


velby
;