Top Stories
എൻ.എം.സിയുടെ ലോഗോയിൽ മാറ്റം, വിവാദം.
2023-12-04 13:26:04
Posted By :  Admin1

ന്യൂ ഡൽഹി: നാഷണൽ മെഡിക്കൽ കമ്മീഷന്റെ (എൻ.എം.സി) മാറ്റങ്ങൾ വരുത്തിയ പുതിയ ലോഗോ ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ചിരിക്കുകയാണ്. ലോഗോയിൽ ഹിന്ദു ദേവതയായ ധന്വന്തരിയുടെ ചിത്രം ഉൾപ്പെടുത്തിയാണ് വിവാദം ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണം. മെഡിക്കൽ വിഭാഗത്തിലെ ഒരുപാട് വ്യക്തികൾ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ആയുർവേദവുമായി ബന്ധപ്പെട്ട ഹിന്ദു ദൈവമായ ധന്വന്തരിയുടെ ചിത്രവും 'ഇന്ത്യ' എന്നതിനു പകരം 'ഭാരത്' എന്ന വാക്കും അടങ്ങുന്ന പുതിയ ലോഗോ ഒരു വർഷമായി ഉപയോഗത്തിലുണ്ടെന്നും ഇപ്പോൾ ചിത്രം കൂടുതൽ വ്യക്തമാകുന്നതിനായി നവീകരിച്ചതാണെന്നും  ചില ഉദ്യോഗസ്ഥർ പറഞ്ഞു. "മുൻപ് ലോഗോ ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്നു. അതിനാൽ ഇത് പ്രിന്റൗട്ടുകളിൽ ദൃശ്യമാകില്ല. ഇപ്പോൾ ലോഗോയുടെ മധ്യഭാഗത്ത് ഞങ്ങൾ ഒരു കളർ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നു." ഒരു എൻ.എം.സി ഉദ്യോഗസ്ഥൻ പറഞ്ഞു. പുതുക്കിയ' ലോഗോയ്ക്ക് മെഡിക്കൽ വിഭാഗത്തിലെ അംഗങ്ങളിൽ നിന്ന് ഒരുപാട് വിമർശനങ്ങൾ ലഭിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) കേരള ചാപ്റ്റർ എൻ.എം.സിയുടെ നീക്കം "തികച്ചും പ്രതിഷേധാർഹമാണ്" എന്ന് വിശേഷിപ്പിച്ച് കൊണ്ട് ഒരു പ്രസ്താവന പുറത്തിറക്കി. "മതനിരപേക്ഷമായി, ശാസ്ത്രീയ മനോഭാവത്തോടെ പ്രവർത്തിക്കേണ്ട ഒരു സംഘടന ലോഗോയിൽ മതചിഹ്നങ്ങൾ ഉപയോഗിക്കുന്നത് അപകടകരമാണ്. ഈ തീരുമാനം ആധുനിക ശാസ്ത്ര സമൂഹത്തിന് അംഗീകരിക്കാനാവില്ല. ഇത്  ഉടൻ പിൻവലിക്കണമെന്ന് ഐ.എം.എ ആവശ്യപ്പെടുന്നു." പ്രസ്താവനയിൽ പറയുന്നു. "കുറച്ചെങ്കിലും നാണമുണ്ടെങ്കിൽ ഈ മ്ലേച്ഛതയ്ക്ക് നേതൃത്വം നൽകിയ എൻ.എം.സി അംഗങ്ങൾ ഈ ലോഗോ മാറ്റി മത രാഷ്ട്രീയ ചിന്തകൾ ഒന്നും ഇല്ലാത്ത ഒരു ലോഗോ കൊണ്ട് വരേണ്ടതാണ്." ലിവർ ഡോക്ടർ എന്നറിയപ്പെടുന്ന ഡോ. ഫിലിപ്പ് എബി പറഞ്ഞു. മെഡിക്കൽ രംഗത്ത് ഹിന്ദുത്വത്തെ അവതരിപ്പിക്കാനുള്ള  സാധ്യമായ ഒരു ഗോവണിയിലെ മറ്റൊരു പടിയാണ് ഈ നീക്കം എന്ന് മറ്റുള്ളവർ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ മറുവശത്ത്, ചിലർ ഈ നീക്കത്തെ പ്രശംസിച്ചു. ലോകാരോഗ്യ സംഘടനയുടെ ചിഹ്നത്തിൽ ഉപയോഗിച്ചിരിക്കുന്ന മെഡിസിനുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചിഹ്നവും ഒരു മതചിഹ്നമാണ് (റോഡ് ഓഫ് അസ്ക്ലെപിയസ് - രോഗശാന്തിയുടെ ഗ്രീക്ക് ദൈവം). ഇതാദ്യമായല്ല ലോഗോയിൽ മാറ്റങ്ങൾ വരുത്തി എൻ.എം.സി വിമർശനങ്ങൾക്ക് വിധേയമാകുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞയ്ക്ക് പകരം "ചരക് ശപത്" എന്ന് വിളിക്കപ്പെടുന്നതുൾപ്പെടെ മെഡിക്കൽ കോളേജ് പാഠ്യപദ്ധതിയിൽ വരുത്തിയ നിരവധി മാറ്റങ്ങൾക്ക് എൻഎംസി കടുത്ത വിമർശങ്ങൾ നേരിട്ടിരുന്നു.


velby
;