Top Stories
ഡോ. വന്ദന ദാസിന്റെ ക്രൂരമായ കൊലപാതകം കേരള മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും തികച്ചും പ്രതിഷേധാർഹവുമാണ് - KPHA
2023-05-10 21:14:30
Posted By :  Admin1

കൊട്ടാരക്കര താലൂക്ക് ആശുപത്രയിൽ വെച്ച് ഡ്യൂട്ടിക്കിടെ നടന്ന ഡോ. വന്ദന ദാസിന്റെ ക്രൂരമായ കൊലപാതകത്തിൽ
അഗാധമായ ദുഖവും വേദനയും രേഖപ്പെടുത്തുന്നു.

അതോടൊപ്പം തന്നെ ഇതിനു വഴിയൊരുക്കിയ പോലീസിൻ്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകളിൽ ശക്തമായി പ്രധിഷേധിക്കുന്നു.
ഈ വിഷയത്തിൽ അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരെ സത്വര നടപടികൾ എടുക്കണമെന്ന് സർക്കാരിനോട് ശക്തിയായി ആവശ്യപ്പെടുന്നു.

കേരളത്തിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾ തീർത്തും ഹീനവും, അപലപനീയവുമാണ്‌. ജനങ്ങളുടെ ജീവൻ രക്ഷിക്കാനും ആരോഗ്യ സംരക്ഷണത്തിനും മുൻനിരയിൽ അക്ഷീണം പ്രയത്നിക്കുന്ന ആരോഗ്യ പ്രവർത്തകർ, നമ്മുടെ ബഹുമാനവും സംരക്ഷണവും അർഹിക്കുന്നു, അക്രമവും ആക്രമണവുമല്ല.

കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ്  അസോസിയേഷൻ ഇത്തരം അക്രമ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുകയും ഇത്തരം പ്രവൃത്തികൾക്ക് ഉത്തരവാദികളായവർക്കെതിരെ അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

ആശുപത്രി സംരക്ഷണ നിയമം ഉണ്ടെങ്കിലും അതിനെ നോക്കുകുത്തിയാക്കി തുടർച്ചയായി ആശുപത്രികളിൽ അക്രമണങ്ങൾ നടക്കുന്നതിന് കാരണം ആ നിയമത്തിൻ്റെ അപര്യാപ്തതയും നടപ്പിലാക്കുന്നതിലെ വീഴ്ചകളുമാണ്. 
നിലവിലെ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തേണ്ട സമയം അതിക്രമിച്ചരിക്കുന്നു.

 മാത്രമല്ല ഈ സംഭവത്തിൻ്റെ പശ്ചാതലത്തിൽ പോലീസ് പ്രതികളെ ആരോഗ്യ പരിശോധനക്കോ ചികിത്സക്കോ ആശുപത്രികളിൽ കൊണ്ട് വരുമ്പോൾ സ്വീകരിക്കേണ്ട പ്രോട്ടോക്കോളും സുരക്ഷാ മുൻകരുതലുകളും പുനർചിന്തക്ക് വിധേയമാക്കി ആവശ്യമായ മാറ്റങ്ങൾ കൊണ്ട് വരണമെന്ന് KPHA ശക്തമായി ആവശ്യപ്പെടുന്നു. 

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും നമ്മുടെ സമൂഹത്തെ നിസ്വാർത്ഥമായി സേവിക്കുന്നവരെ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്നും KPHA പ്രഖ്യപിക്കുന്നു.

ആരോഗ്യ മേഖലയുടെ സുരക്ഷയും ആരോഗ്യ പ്രവർത്തകർക്ക് നിർഭയമായി സേവനം ചെയ്യാനുള്ള സാഹചര്യവുമൊരുക്കാൻ നമുക്കൊരുമിച്ച് പ്രയത്നിക്കാം.


 അഡ്വ. ഹുസൈൻ കോയ തങ്ങൾ, പ്രസിഡൻ്റ് 
 ഡോ. അൻവർ മുഹമ്മദ് അലി, ജനറൽ സെക്രട്ടറി


velby
;